നാടിന്റെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് പൊന്നാനി സിറ്റി വെൽഫെയർ ഫോറം എന്ന പേരിൽ PCWF നിലവിൽവരുന്നത്. ആദ്യഘട്ടത്തിൽ ചാണാറോഡും പിന്നീട് പൊതുജനാഭിലാഷം മാനിച്ച് പൊന്നാനി താലൂക്കിലേക്ക് പ്രവർത്തനം വ്യാപകമാക്കുകയായിരുന്നു.
ദശവാർഷികത്തോടനുബന്ധിച്ച് നടന്ന കാര്യപ്രസക്തമായ ചർച്ചകളും പൊതുജനാഭിപ്രായവും അനിവാര്യമായ കാരണങ്ങളും മുൻനിറുത്തി പൊന്നാനിയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി PCWF എന്ന നാലക്ഷരം നിലനിറുത്തിക്കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്ന നാമത്തിൽ പുനഃക്രമീകരിക്കുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരേ ലക്ഷ്യത്തിന് ഒരു സംഘടനയ്ക്ക് ഇരുഭാഗങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. പേരിലെ ആഗോളത അന്വർത്ഥമാക്കിക്കൊണ്ട് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പൊന്നാനിക്കാരെയെല്ലാം PCWF ചേർത്തുനിർത്തുന്നു.